Wednesday, January 11, 2012

മാലേഗാവില്‍നിന്ന് ലവ്ജിഹാദിലേക്കുള്ള ദൂരം -സവാദ് റഹ്‌മാൻ


അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു പ്രായശ്ചിത്തം ചെയ്താലാണു മതിയാവുക- സവാദ് റഹ് മാന്‍ എഴുതുന്നു
 
 മാലേഗാവ് അങ്ങാടിയില്‍ മാലോകരെ ഞെട്ടിച്ച് ബോംബ് സ്ഫോടനം നടന്ന ക്ഷണത്തില്‍ തന്നെ അതിന്റെ പാപഭാരം തൊപ്പിവെച്ച തലകളില്‍ വന്നു പതിച്ചു അഥവാ കെട്ടിവെക്കപ്പെട്ടു. ദേശദ്രോഹി സമുദായത്തെ കെട്ടുകെട്ടിക്കണമെന്ന് ഡോ. പ്രവീണ്‍ തൊഗാഡിയയും സംഘികളും പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വിഷം ചര്‍ദിച്ചു. കേസില്‍ കുടുക്കപ്പെട്ട ഒരു പാട് ചെറുപ്പക്കാര്‍ ലോക്കപ്പില്‍ കിടന്ന് ചോര ചര്‍ദിച്ചു. ഒരു പാട് ഉമ്മമാര്‍ കണ്ണുനീര്‍ കുടിച്ചു. നൂല്‍പ്പുനഗരമായ മാലേഗാവിനെചുറ്റി കെട്ടുപിണഞ്ഞു കിടന്ന ഭീകരവാദത്തിന്റെ പ്രേതകഥകളുടെ കുരുക്കഴിക്കാന്‍ ഹേമന്ദ് കര്‍ക്കറെ എന്ന നല്ലവനായ പോലീസുദ്യോഗസ്ഥന്‍ വന്നു-റെയിന്‍ കോട്ടിന്റെ മേന്‍മ പോലുമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും നല്‍കി മുംബൈ 26/11 ആക്രമണത്തിനിടയിലേക്ക്, അതു വഴി രക്തസാക്ഷിത്വത്തിലേക്ക് അദ്ദേഹത്തെ പറഞ്ഞയച്ചു, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കേറെയുള്ള ഇന്റലിജന്‍സ് വിഭാഗം.
ദുര്‍ബലരുടെ പ്രാര്‍ഥനകള്‍ക്കും ദൈവത്തിനുമിടയില്‍ അകലമില്ല എന്ന വചനം സത്യമായതാവണം- മാലേഗാവിന്റെ നേര്‍ക്കഥകള്‍ പുറത്തറിഞ്ഞു-കൊടും ഭീകരര്‍ എന്ന് സീലടിച്ച് ജയിലിടച്ചിരുന്ന ചെറുപ്പക്കാര്‍ ഏറെ വൈകിയെങ്കിലും പുറത്തുവന്നു. സിംഗാളും ശിങ്കിടികളും പറയും പോലെ ദേശദ്രോഹികളായ മുസ്ലിം പയ്യന്‍മാരല്ല, ദേശസ്നേഹത്തിന്റെ സഹസ്രനാമ യത്നം നടത്തുന്ന സംഘപരിവാറിന്റെ കൈക്രിയകളാണ് മാലേഗാവിലും മക്കാമസ്ജിദിലും സംജോതാ എക്സ്പ്രസിലും നിരപരാധികളുടെ ജീവനെടുത്ത ബോംബ് സ്ഫോടനങ്ങളെന്ന്. അതിലും മാരകമായ വെറുപ്പിന്റെ കര്‍മ പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്ന്.
മാലേഗാവില്‍ പ്രയോഗിച്ചതിനേക്കാള്‍ പ്രഹരശേഷിയുള്ള ആയുധമാണ് വെറുപ്പിന്റെ വിചാരധാരക്കാര്‍ മലയാളനാടിനായി കരുതിവെച്ചത്. ലവ് ജിഹാദ് എന്ന പേരില്‍ മതംമാറ്റല്‍ ഭീകരത അരങ്ങേറുന്നുവെന്ന പ്രചാരണത്തിന്റെ ഊക്കില്‍ മലയാളിയുടെ പരസ്പര വിശ്വാസത്തിന്റെ സര്‍ക്യൂട്ട് ബോര്‍ഡ് തന്നെ അടിച്ചുപോയി. ‘പുതിയ രണ്ടു രൂപാ നാണയത്തിലെ ചിഹ്നത്തിന് കുരിശിനോടുള്ള സാദൃശ്യം ഇന്ത്യയെ ക്രൈസ്തവവല്‍കരിക്കാനുള്ള ഗൂഢപദ്ധതി’ എന്നിങ്ങനെയുള്ള കണ്ടുപിടുത്തങ്ങള്‍ കൊണ്ട് അതിനകം തന്നെ കുപ്രസിദ്ധമായിരുന്ന ഹൈന്ദവകേരളം വെബ്സൈറ്റില്‍ വന്ന പോസ്റ്റുകള്‍ വഴിയാണ് ലവ് ജിഹാദ് ആരോപണങ്ങള്‍ പുറത്തുചാടുന്നത്.
ബന്ധുവീട്ടിലെ പെണ്‍കുട്ടിയുടെ പ്രേമം പൊളിക്കാന്‍ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മാതാപിതാക്കളില്‍ നിന്ന് ക്വാട്ടേഷനെടുത്തതോടെ വെബ്സൈറ്റിന്റെ നുണക്കഥകള്‍ ലക്ഷണമൊത്തൊരു തിരക്കഥയായി. പോലീസ് പറഞ്ഞു കൊടുത്തതും വെബ്സൈറ്റില്‍ കണ്ടതും സ്കൂള്‍ പഠന കാലത്തെ രണ്ടുവര കോപ്പി എഴുത്തിനെ ഓര്‍മിപ്പിക്കും വിധം പകര്‍ത്തി വെക്കാന്‍ മുഖ്യധാരാ പത്രങ്ങളില്‍ ആളുകളുണ്ടായതോടെ വിദ്വേഷത്തിന്റെ പ്രചാരകുമാരുടെ സ്വപ്നം സഫലമായി. ഇല്ലാത്ത സംഘടനകളുടെ പേരില്‍ ഇറങ്ങിയ ഭീതി നോട്ടീസുകളിലെ വിവരങ്ങള്‍ അചിരേണ പത്രങ്ങളിലും വാരികകളിലും ലേഖകന്‍മാരുടെ ബൈലൈന്‍ സഹിതം അടിച്ചുവന്നു. വിദേശത്തുനിന്ന് പണം പറ്റി മുസ്ലിം സംഘടനകള്‍ ഒരുക്കുന്ന മതം മാറ്റ ചതിക്കുഴികളെക്കുറിച്ച് പരമ്പരകളും ഇ-മെയിലുകളും വാള്‍പോസ്റ്ററുകളുമുണ്ടായി. തൊട്ടയല്‍വീട്ടുകാരെപ്പോലും വിശ്വാസമില്ലാതെയായി.

പ്രചാരണം ഏശുന്നതു കണ്ടതോടെ നുണക്കഥകളിലെ കല്ലുകള്‍ക്ക് വലിപ്പം കൂടി. ലവ് ജിഹാദ് സംഘത്തില്‍ വനിതാ ഭീകരരുമുണ്ടെന്ന് പത്രത്തില്‍ വായിച്ച അമ്മമാര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മകള്‍ക്ക് മക്കനക്കാരികള്‍ പത്തിരിയില്‍ ലവ് ജിഹാദിന്റെ കൈവിഷം നല്‍കിയേക്കുമെന്നു പേടിച്ച് തീ തിന്നാന്‍ തുടങ്ങി. ‘തീവ്രവാദത്തിന്റെ തലസ്ഥാന’മായ മലപ്പുറത്തെ കോളജുകളില്‍ കിട്ടിയ അഡ്മിഷന്‍ വേണ്ടെന്നു വെച്ചു ചിലര്‍. നഴ്സറി കുട്ടികളെപ്പോലും അന്യമതക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വിടാതായി. മാധ്യമ വിചാരണയിലകപ്പെട്ട സമുദായം ദുര്‍ബലമായ കൌണ്ടര്‍ കാമ്പയിന്‍ നടത്തി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവജനാധിപത്യ പ്രസ്ഥാനം, എസ്.ഐ.ഒ, എന്‍.സി.എച്ച്. ആര്‍.ഒ തുടങ്ങിയ സംഘടനകള്‍ സെമിനാറുകള്‍ നടത്തി. പക്ഷെ ആരും ചെവികൊടുത്തില്ല, പാളയം ഇമാമല്ല പടച്ചവന്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാനാവാത്തത്ര ആഴത്തിലെത്തിയിരുന്നു സ്പര്‍ധയുടെ വിഷക്കിണറുകള്‍.
കാത്തലിക് ബിഷപ് കൌണ്‍സിലിന്റെ സാമൂഹിക ഐക്യ (?)കമീഷന്റെ ലഘുലേഖയും വി.എസ്. സഖാവിന്റെ ദല്‍ഹി പത്ര സമ്മേളനവും കൂടിയായതോടെ മലയാളി തീര്‍ച്ചപ്പെടുത്തി. ലവ് ജിഹാദ് ഒള്ളതു തന്നെ!.
ഫാഷിസം ചിട്ടപ്പെടുത്തിയ വെറുപ്പിന്റെ പാട്ടുകള്‍ വര്‍ഗീയ ശക്തികളും മാധ്യമങ്ങളും ചേര്‍ന്നു പാടുമ്പോള്‍ താളം പിടിക്കുകയോ താരാട്ടു കേട്ടെന്ന വണ്ണം കൂര്‍ക്കം വലിച്ചുറങ്ങുകയോ ചെയ്തു കേരളത്തിലെ രാഷ്ട്രീയ^സാംസ്കാരിക സമൂഹം. ദുര്‍ബലര്‍ക്കൊപ്പം ഏതൊരു ഭൂതത്താന്‍ കോട്ടയിലേക്കും ഏതൊരു പാതിരാ നേരത്തും കൂട്ടുപോകാന്‍ എന്നും ധൈര്യം കാണിച്ചിട്ടുള്ള ബി.ആര്‍.പി ഭാസ്കറിനെയും സക്കറിയയേയും ദേവികയെയും പോലെ ചിലര്‍ മാത്രം പൊരിവെയിലില്‍ നിര്‍ത്തപ്പെട്ട സമുദായത്തിന്റെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊടുത്തു.

മാധ്യമങ്ങള്‍ എടുത്തിട്ടലക്കിയ കേസ് കോടതികളും വന്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. ലവ് ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ സംഘടനകളില്ലെന്നും പ്രണയത്തിന്റെ സംഘടിത മതം മാറ്റം നടക്കുന്നില്ലെന്നും പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വന്നു. അങ്ങിനെ കേരളത്തെ പിടിച്ചുലച്ചിരുന്ന വര്‍ഗീയ പ്രചാരണത്തിന് തല്‍കാലത്തേക്ക് സുല്ലിട്ടു. അതിനകം തന്നെ സാമുദായിക ധ്രുവീകരണം അതിന്റെ പരകോടിയിലെത്തിയിരുന്നു. ഇപ്പോള്‍ പോലീസ് തെളിച്ചു പറയുന്നു- ലവ് ജിഹാദ് വെറും ഉണ്ടയില്ലാ വെടി ആയിരുന്നെന്ന്. ഹിന്ദുജാഗൃതി എന്ന വെബ്സൈറ്റായിരുന്നു ഈ പ്രചാരണയുദ്ധത്തിന്റെ ഉറവയെന്ന്. സിനിമാ നടന് നാണക്കേടുണ്ടാക്കുന്ന ഫലിതം ഇ മെയില്‍ അയച്ചവരെ രാത്രിക്കു രാമാനം പൊക്കിയ നാട്ടില്‍, ഇത്ര ഹീനമായ വിദ്വേഷ കാമ്പയിന്‍ അഴിച്ചുവിട്ട വെബ്സൈറ്റിനെതിരെ, നടപടിയൊന്നുമുണ്ടായിട്ടില്ലെന്നതിന് സൈറ്റില്‍ ഇപ്പോഴും ആക്ടീവ് ആയ ലവ് ജിഹാദ് ലിങ്കുകള്‍ സാക്ഷി.
അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു പ്രായശ്ചിത്തം ചെയ്താലാണു മതിയാവുക?

No comments:

Post a Comment