Thursday, January 27, 2011

ജസ്റ്റിനെ റിമാന്‍ഡ് ചെയ്തു; ജസീലക്ക് ജാമ്യം



മലപ്പുറം: ഹൈകോടതി നിര്‍ദേശപ്രകാരം പൊലീസ് സംരക്ഷണത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസിനെ മലപ്പുറം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം. സുഹൈബ് റിമാന്‍ഡ് ചെയ്തു. ഭാര്യ മലപ്പുറം ആലത്തൂര്‍പടിയിലെ ജസീലയെ ജാമ്യത്തില്‍വിട്ടു.
ജസീലയുടെ സഹോദരന്‍ അബ്ദുല്‍ ബാസിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം നാര്‍കോട്ടിക് ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ചയാണ് ജസ്റ്റിന്റെ കൊട്ടിയൂരിലുള്ള വീട് റെയ്ഡ് ചെയ്ത് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ജസീലയെ പതിനായിരം രൂപ വീതം രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടത്.
ജസ്റ്റിനും ജസീലയും ചേര്‍ന്ന് മേല്‍മുറിയിലെ തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മുറിയിലെ പെട്ടിയില്‍  സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ജസീലയുടെ സഹോദരന്‍ ബാസിത് നല്‍കിയ പരാതി. 16.5 ലക്ഷം രൂപ വിലവരുന്ന 106 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായും പരാതിയില്‍ പറയുന്നു. ജനുവരി പത്തിനാണ് പരാതി നല്‍കിയത്.
കളവ്‌പോയ സ്വര്‍ണാഭരണത്തിന്റെ ഒരുഭാഗം സ്വകാര്യ ബാങ്കില്‍ പണയംവെച്ചതിന്റെ റസീറ്റും 97,800 രൂപയും  പ്രതിയായ ജസ്റ്റിന്‍ ജോസഫിന്റെ മുറിയില്‍നിന്ന്  കണ്ടെടുത്തതായി ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിവന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരുഭാഗം പ്രതി തൃശൂരിലും സേലത്തും വില്‍പന നടത്തിയതായും മുറിയില്‍നിന്ന് കണ്ടെടുത്ത പണം ഇങ്ങനെ കിട്ടിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി സ്വര്‍ണം പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചെന്ന് ജസ്റ്റിന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചു. പ്രതി വിദേശത്ത് കടക്കാനോ ഒളിവില്‍പോകാനോ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പൊലീസിന്റെ വാദം.

No comments:

Post a Comment