Thursday, January 27, 2011

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി


പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി
പേരാവൂര്‍: ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അകമ്പടിയില്‍ യുവാവും യുവതിയും രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി. കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും (29) മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍ മാടച്ചേരിയില്‍ ജസീലയുമാണ് (19) പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ ചൊവ്വാഴ്ച വിവാഹിതരായത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലത്തൂര്‍ പടിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്ന ജസ്റ്റിന്‍ ക്ലാസിലെ വിദ്യാര്‍ഥിനിയായ ജസീലയുമായി പ്രണയത്തിലായിരുന്നു. മലപ്പുറത്തെ അബ്ദുല്‍ റസാഖിന്റെയും റംലത്തിന്റെയും മകളാണ് ജസീല. ടി.ടി.സി വിദ്യാര്‍ഥിനിയായ ജസീല സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് ജസ്റ്റിനുമായി പരിചയത്തിലായത്. ഡിസംബര്‍ ആറിന് ഇരുവരും നാടുവിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മകളെ ജസ്റ്റിന്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ജസീലയുടെ പിതാവ് അബ്ദുല്‍ റസാഖ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ, ജനുവരി മൂന്നിന് ജസ്റ്റിനും ജസീലയും ഹൈകോടതിയില്‍ ഹാജരായി. തുടര്‍ന്ന് കോടതി ഏഴുദിവസം ജസീലയെ ഉമ്മ റംലത്തിന്റെ കൂടെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഏഴുദിവസത്തിനുശേഷം വീണ്ടും ജസീലയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജസ്റ്റിന്റെ കൂടെയാണ് പോകുന്നതെന്ന് ജസീല അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പൊലീസിനോട് ഇരുവരുടെയും വിവാഹം നടത്താന്‍ സഹായിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജസീലയും ജസ്റ്റിനും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പൊലീസ് അകമ്പടിയില്‍ ചൊവ്വാഴ്ച 12ഓടെ പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസിലെത്തിയ ജസ്റ്റിനും ജസീലയും വിവാഹിതരാവുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഒരാഴ്ച ജസ്റ്റിനും ജസീലക്കും പൊലീസ് കാവലുണ്ടാകും. പേരാവൂര്‍ എസ്.ഐ കെ.വി. പ്രമോദന്‍, കേളകം എസ്.ഐ എസ്. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു.

No comments:

Post a Comment